പീറ്റർബൊറോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യുകെ) കേരള ചാപ്റ്റർ പീറ്റർബൊറോ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനവും "മധുരം മലയാളം’ പദ്ധതിയുടെ ഭാഗമായുള്ള ആദരവ് സമ്മേളനവും ശ്രദ്ധേയമായി.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകളും സാമൂഹിക പ്രവർത്തകയുമായ ഡോ. മറിയ ഉമ്മൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ജോയിന്റ് ട്രഷറർ മണികണ്ഠൻ ഐക്കാട് തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുത്തു.
പീറ്റർബൊറോ യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സൈമൺ ചെറിയൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി സിബി അറക്കൽ നന്ദിയും അർപ്പിച്ചു.
പീറ്റർബൊറോ യൂണിറ്റിന്റെ വൈസ് പ്രസിഡന്റ് ജിജി ഡെന്നി ഡോ. മറിയ ഉമ്മനെ പൊന്നാട അണിയിച്ച് ആദരിച്ചു. യൂണിറ്റ് ഭാരവാഹികളും പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടി ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി.
മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി പുതുതായി സംഘടനയിൽ ചേർന്ന അംഗങ്ങൾക്ക് മറിയ ഉമ്മൻ മെമ്പർഷിപ്പ് ഫോമുകൾ വിതരണം ചെയ്തു.